പെരയ്ക്കകത്തു കയറരുത് നീ വാഴച്ചോട്ടില്‍ കിടന്നാല്‍ മതി

പ്രശസ്ത ഫോട്ടോഗ്രാഫര്‍ പുനലൂര്‍ രാജന്റെ വീട്ടിലെ ഒരു സ്വകാര്യ വിരുന്നു സല്‍ക്കാരവേളയില്‍ എം.ടി.യും എസ്.കെ.പൊറ്റക്കാടും കേള്‍ക്കെ വൈക്കം മുഹമ്മദ് ബഷീര്‍ 1983-ല്‍ പറഞ്ഞതു്. ടേപ്പ് റെക്കോര്‍ഡറില്‍ നിന്നു പകര്‍ത്തിയതാണു്, ഇതൊന്നിച്ചു്. ഇതാദ്യമായാണു് ബഷീര്‍ വി.കെ.എന്നിനെപ്പറ്റി പറഞ്ഞ ഈ കഥ പ്രസിദ്ധീകരിക്കപ്പെടുന്നതു്.*

ആയിരത്തിത്തൊള്ളായിരത്തി അന്‍പതുകളില്‍ നടന്ന സംഭവമാണു്. ഐക്യകേരളപ്പിറവി ആഘോഷിക്കാന്‍ കോഴിക്കോട്ടെ സഹൃദയസുഹ‍ൃത്തുക്കള്‍ ചേര്‍ന്നു് 'ന്റുപ്പാപ്പായ്ക്കൊരാനേണ്ടാര്‍ന്നു' നാടകമാക്കാന്‍ തീരുമാനിക്കുന്നു. പുതിയറയില്‍ എസ്.കെ.പൊറ്റക്കാട് താമസിക്കുന്ന 'ചന്ദ്രകാന്ത'ത്തില്‍ നാടകത്തിന്റെ മുഖ്യശില്പിയായി വൈക്കം മുഹമ്മദ് ബഷീര്‍ തങ്ങുന്നു. ചെകുത്താന്മാരിലും ജിന്നിലുമൊക്കെ ബഷീറിന്റെ പേടി പതിവിലും കൂടിയ നാളുകളായിരുന്നു അതു്. അതുകൊണ്ടു് 'ചന്ദ്രകാന്ത'ത്തില്‍ ബഷീറിനു് ആരെങ്കിലും കൂട്ടുവേണമെന്നു് നിര്‍ബന്ധമായിരുന്നു. സഹായിയുടെ റോള്‍ ആദ്യമാദ്യം ഭംഗിയായി അഭിനയിച്ചതു് ശോഭന പരമേശ്വരന്‍ നായരായിരുന്നു. രാപകല്‍ ഭേദമെന്നില്ലാത ബഷീറിനെ സേവിക്കുക എന്ന 'പ്രയത്നം' പരമേശ്വരന്‍ നായര്‍ അയത്നലളിതമായിത്തന്നെ നിര്‍വ്വഹിച്ചുപോന്നു. അതിനിടെ ഒരുദിവസം പരമേശ്വരന്‍ നായര്‍ക്കു് നാട്ടില്‍ പോകണം. ഇതാണു് കഥാസന്ദര്‍ഭം. ഇനി കാസറ്റിലുള്ളതു്, ബഷീറിന്റെ ശബ്ദത്തില്‍ത്തന്നെ കേള്‍ക്കുക:
"ഞാന്‍ ചോദിച്ചു, നീ പോയാല്‍ എന്നെയാരു് നോക്കും?"
പരമേശ്വരന്‍നായര്‍ പറഞ്ഞു: "ഞാന്‍ ഒരുത്തനെ കൊണ്ടുവന്നിട്ടുണ്ടു്. അവന്‍ ഗേറ്റിനടുത്ത് നില്‍ക്കുകയാണു്. അവനു് ബഷീറിനെ പേടിയാണു്"
കുറച്ചുകഴിഞ്ഞപ്പോള്‍ ആറടിനീളമുള്ള ഒത്ത ഒരുത്തന്‍, നാലു മടക്കായി, എസ്.കെയുടെ വീടിന്റെ ഉമ്മറത്തേയ്ക്കു് കയറിവന്നു.
ഞാന്‍ ചോദിച്ചു: "നിന്റെ പേരെന്താ?"
"വി.കെ.എന്‍."
"ഏതു ജാതിയാ"
"കിരിയാത്ത നായര്"
"ശരി. നിനക്കെന്തൊക്കെ അറിയാം?"
"പാചകവിധിയൊക്കെ അറിയാം"
അങ്ങനെ എന്നെ നോക്കാന്‍ ഇവന്‍ നിയമിക്കപ്പെട്ടു. എന്റെ ബട്ലറായിട്ടു വന്നതാണെങ്കിലും പിന്നെ ഇവനെ നോക്കി ശുശ്രൂഷിക്കലായി എന്റ പണി. ഒരു ദിവസം അര്‍ധരാത്രിയായിക്കാണും, ഞാന്‍ സര്‍വപിശാചുക്കളും വരുന്നതായി പേടിച്ചു് ഉണര്‍ന്നപ്പോള്‍ വി.കെ.എന്‍ ഇല്ല. എന്റേ മേല്‍ പെരുമ്പാമ്പു പോലെ എന്തോ ഒന്നു്. ഞാന്‍ പേടിച്ചു തപ്പിത്തടഞ്ഞു് നോക്കിയപ്പോള്‍ ഒരു തെങ്ങിന്റെ പട്ട എന്റെ മേല്‍ ചാരിവെച്ചിരുന്നതായി കണ്ടു.
ഞാന്‍ മടല് മാറ്റിയില്ല.
അര മണിക്കൂര്‍ കഴിഞ്ഞു കാണും.
ഒരു ചൂളംവിളി കേള്‍ക്കാം.
ഇവന്‍ പതുക്കെപ്പതുക്കെ അടുത്തുവന്നു.
മടല് എടുത്ത് മാറ്റാന്‍ തുടങ്ങി.
ഞാന്‍ ചാടിയെണീറ്റു,
"കഴുവേറീടെ മോനേ, നീയെന്താടാ ചെയ്തതു്"
ഇവന്റെ മറുപടി കേള്‍ക്കേണ്ടേ, പിശാചു വരാതിരിക്കാന്‍ മന്ത്രിച്ചു വച്ചതാണെന്നാ ഇവന്‍ പറഞ്ഞതു്.
ഇവനും പരമേശ്വരന്‍ നായരും കൂടി എന്നെ ബോധ്യപ്പെടുത്തിയതു് എന്താ?
ഇവന്റെ കുടുംബം മുഴുവന്‍ മന്ത്രവാദികളാണെന്നു്.
ഞാന്‍ ചോദിച്ചു : "നീയെവിടെ പോയതാ?"
"ഞാന്‍ ഈവനിംഗ് വാക്കിനു പോയതാ."
"ഈ പാതിരാത്രിയിലോ?"
ഇവനു് മറുപടി പറയാന്‍ കഴിഞ്ഞില്ല. ചാരായം നാറിയിട്ടു വയ്യ.
പിന്നെയൊരിക്കല്‍ അബ്ദു റഹിമാന്റെ കാറില്‍ ഞാനും എസ്.കെ.യും അബ്ദുല്ലയും വി.കെ.എന്നും കൂടി ഒരു പിക്‍നിക്‍ തരപ്പെടുത്തി. ഒറ്റപ്പാലത്തു് കെ.പി.കേശവമേനോന്റെ വീട്ടിലായിരുന്നു ഭക്ഷണം. മേനോന്‍ പറയുകയാണു് "ബഷീറിനു് ഉണ്ണണമെങ്കില്‍ മീന്‍ നിര്‍ബന്ധം അല്ലേ?"
കേശവമേനോനോ മീനില്ലെങ്കില്‍ ഒരു ഉരുള പോലും കഴിക്കില്ല. ഊണുകഴിച്ചു് ഞങ്ങള്‍ കാറില്‍ കയറി, കാട്ടിലൂടെ കാറു പായുന്നു.
എന്നോടു് കഥ പറയാന്‍ പറഞ്ഞു.

ലൈംഗിക അരാജകത്വത്തിന്റെ കഥകളാണേ പറയണതു്.
കുറേ പറഞ്ഞപ്പഴ് ഞാന്‍ പറഞ്ഞു : "എന്റെ തൊണ്ട ഉണങ്ങിപ്പോയിരിക്കുന്നു. മാന്യമഹാജനങ്ങളേ, ഇനി പ്രസിദ്ധ സഞ്ചാരസാഹിത്യകാരനും ചെറുകഥാകൃത്തും നോവലിസ്റ്റുമായ എസ്.കെ. പൊറ്റക്കാടു് നിങ്ങളോടു് സംസാരിക്കുന്നതായിരിക്കും."
കാറിനകത്തും വലിയ കുടവയറുമായിരിക്കുകയാണു്, ആരു് ദിസ് എസ്.കെ. 15 മിനുട്ട് എസ്.കെ. സംസാരിച്ചു. പുതിയ കഥയൊന്നും എസ്.കെ. പറഞ്ഞില്ല ഞാന്‍ പറഞ്ഞ കഥയുടെ സൈക്കോളജിക്കല്‍ ഇഫക്ട്, വിമര്‍ശിച്ചു പറയുകയായിരുന്നു എസ്.കെ.
അബ്ദു റഹിമാന്‍ പെട്ടെന്നു് കാര്‍ നിര്‍ത്തി. എന്നിട്ടു്, ഇതുണ്ടല്ലോ, ആ തിരിക്കുന്ന ചക്രം, അതു് കൈയ്യില്‍ പിടിച്ചോണ്ടു തന്നെ "ഇവനെ പിടിച്ചിറക്കു്" എന്നു പറഞ്ഞു.
എസ്.കെ. പൊറ്റക്കാടിനെ, നല്ല ഒരു കഥ പറയാന്‍ കഴിയാത്ത, ഇത്രയൊക്കെ ലോകസഞ്ചാരം നടത്തിയിട്ടും ഒരു ലൈംഗികകഥ പറയാന്‍ കഴിയാത്ത എസ്.കെ.യെ കൊല്ലണം. കാട്ടിന്റെ നടുക്കിട്ടു് കൊല്ലാനായിരുന്നു തീരുമാനം.
ഞാന്‍ വിചാരിച്ചു,
ഒരു ഹിന്ദുവല്ലേ, മരിച്ചോട്ടെ അവിടെ കിടന്നു്.
ഞാന്‍ പുറത്തിറങ്ങിപ്പറഞ്ഞു: "ഈ മനുഷ്യന്റെ വീട്ടില്‍ പോയി ഞാന്‍ ഊണു കഴിച്ചിട്ടുണ്ടു്. എന്നാലും സാരമില്ല, ഹിന്ദുവല്ലേ, ചത്തുപോട്ടെ"
ഞങ്ങള്‍ മൂന്നു മുസല്‍മാന്മാരുണ്ടു്, രണ്ടു ഹിന്ദുക്കളും. ഒരു ഹിന്ദുവിനെ കാച്ചാം.
അതിനു മുന്‍പ് ഷര്‍ട്ടും മുണ്ടും അഴിച്ചു കളയാം. വെറുതേ ചോരക്കറയാക്കി വൃത്തികേടാക്കണ്ടല്ലോ.
തല്ലിക്കൊന്നിട്ടു് കാട്ടിലിടാം.
ഇങ്ങനെ തീരുമാനിച്ചപ്പോള്‍ വി.കെ.എന്‍. കാറിലിരുന്നു പറഞ്ഞു:
"എസ്.കെ.യെ വിടു്, കൊല്ലണ്ട, ഞാന്‍ കഥ പറയാം"
ഞാന്‍ ചോദിച്ചു : "എന്തു കഥ?"
"ലൈംഗികം"
എസ്.കെ.യെ രക്ഷിച്ചു് അകത്തു കയറ്റിയിരുത്തി ഇവന്‍ കഥ തുടങ്ങി, ഇതൊന്നും വേറെയാരോടും പറയരുതു് എന്ന മുഖവുരയോടെ.
അബ്ദു റഹിമാന്‍ കാര്‍ സ്ലോയിലിട്ടിരിക്കുകയാണു്.
ഇവന്‍ കഥയൊക്കെ പറഞ്ഞു കഴിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു:
"ഏറ്റവും നല്ല കഥാകൃത്തു് എന്ന എന്റെ കിരീടവും ഏറ്റവും നല്ല സഞ്ചാരസാഹിത്യകാരന്‍ എന്ന എസ്.കെ.യുടെ കിരീടവും നിന്റെ കാല്‍ക്കല്‍ വെക്കുന്നു"
കഥ നന്നായതു കൊണ്ടാണു് ഞാനിതു പറഞ്ഞതെന്നു് ഇവന്‍ വിചാരിച്ചു. അതല്ല കാരണം, അവന്‍ പറഞ്ഞ കഥ, അത്രയ്ക്കു് മ്ലേച്ഛവും ജൂഗുപ്സാവഹവും ചൈനീസുമായിരുന്നു
പിന്നെ ഞാന്‍ പറഞ്ഞു: "കഴുവേറീടെ മോനേ, നിന്റെ കഥയൊക്കെ കൈയ്യിലിരിക്കട്ടെ, ഇനി മേലില്‍ എന്റെ പെരയ്ക്കകത്തു കയറരുതു്, വാഴച്ചോട്ടില്‍ കിടന്നാല്‍ മതി"
"എസ്.കേ, ഓര്‍മ്മയുണ്ടോ വി.കെ.എന്‍. രക്ഷിച്ചതു്, എസ്.കെയ്ക്ക് ഓര്‍മ്മയുണ്ടോ"
എസ്.കെ. "അതു് അന്ത കാലം"
"ആ അന്ത കാലം"

 

*അവലംബം : മാതൃഭൂമി ആഴ്ചപ്പതിപ്പ് / 2004  ഫിബ്രവരി 8 / പുസ്തകം 81 / ലക്കം 51

ഇതിന്റെ PDF ഫയല്‍ ഇവിടെ ലഭ്യമാണു്.  ഒറിജിനല്‍ മാതൃഭൂമിയിലെ ലേഖനം കാണേണ്ടവര്‍ ഇവിടെ ക്സിക്‍ ചെയ്യുക

Comments

Popular Posts